Friday, September 20, 2013

കറുത്തുപോകുമായിരുന്ന ഒരോണം !!

അങ്ങനെ ഈ വര്‍ഷത്തെ ഓണവും, ഓണക്കാലവും കഴിഞ്ഞു. നാട്ടില്‍ പതിവിനു വിപരീതമായി ഇത്തവണ ഓണപരിപാടികള്‍ സംഘടിപ്പിക്കപ്പെട്ടു. കുറെ വര്‍ഷങ്ങളായി മുടങ്ങിപോയ ഓണാഘോഷ പരിപാടികളാണ് ഒരു കൂട്ടം സുമനസ്സുകളായ ചെറുപ്പക്കാരുടെ പ്രവര്‍ത്തന ഫലമായി എളിയരീതിയില്‍ ഇത്തവണ നടത്തപ്പെട്ടത്. കുട്ടികള്‍ക്ക് വേണ്ടിയുള്ള പരിപാടികള്‍ ആയിരുന്നു കൂടുതലും. എങ്കിലും ഏറെ ആകര്‍ഷണീയമായി തോന്നിയത് ഒരു ആദരിക്കല്‍ ചടങ്ങായിരുന്നു. ഒരൊറ്റ ദിവസം കൊണ്ട് നാടിന്‍റെയും നാട്ടുകാരുടെയും കണ്ണിലുണ്ണിയായി മാറാന്‍ കഴിഞ്ഞ ഒരു ചെറുപ്പക്കാരന്‍; KSRTC-യില്‍ ബസ്സ്‌ കണ്ടക്റ്റര്‍ ആയി ജോലിചെയ്യുന്ന പ്രേമചന്ദ്രനാണ് ഒരു ധീരകൃത്യത്തിലൂടെ നാട്ടുകാരുടെ പൊന്നോമനയായത്‌. ആ സംഭവം തന്നെയാണ് ഈ കുറിപ്പിന്നാധാരവും.

ഓണത്തിന് ദിവസങ്ങള്‍ക്കു മുന്‍പ് സ്വകാര്യ ബസ്സുകള്‍ നടത്തിയ പണിമുടക്ക് ദിവസം; KSRTC പണിമുടക്കില്‍ പങ്കെടുക്കാത്തത് കൊണ്ട് അന്ന് സര്‍വീസുകള്‍ തകൃതിയായി നടത്തി. അല്ലെങ്കിലും സമരദിവസങ്ങളില്‍ ആണ് സര്‍ക്കാര്‍ ബസ്സിനു എന്തെങ്കിലും ഒരു ഗുണം കിട്ടുക. യാത്രക്കാര്‍ക്കും അതൊരു വലിയ ആശ്വാസം തന്നെ. തലശ്ശേരിയില്‍ നിന്നും മാനന്തവാടിയിലേക്ക് യാത്ര തിരിച്ച KSRTC ബസ്സിന്‍റെ റേഡിയേറ്ററിന്‍റെ മുകള്‍ ഭാഗം ഒരു ഹെയര്‍ പിന്‍ വളവില്‍ വെച്ച് പൊട്ടിതെറിക്കുകയും, ചൂടുള്ള വെള്ളം ദേഹത്ത് തെറിച്ച ഡ്രൈവര്‍ ബസ്സ് നിര്‍ത്തുകയോ ഓഫ്‌ ചെയ്യുകയോ ചെയ്യാതെ, ബസ്സില്‍ നിന്നും ഡോര്‍ തുറന്നു പുറത്തേക്കു ചാടുകയും ചെയ്തു. കുത്തനെയുള്ള കയറ്റം കയറുന്നതിനിടയില്‍ പൊടുന്നനെ നിന്നുപോകുന്ന വാഹനം സ്വാഭാവികമായും പുറകോട്ടു ഉരുളാന്‍ തുടങ്ങും. എന്താണ് സംഭവിക്കുന്നത് എന്ന് യാത്രക്കാര്‍ക്ക് മനസിലാകുന്നതിനു മുന്‍പേ തന്നെ ബസ്സ് പുറകോട്ടു ഉരുളാന്‍ തുടങ്ങി. താഴെ നൂറ്റമ്പതോളം അടി താഴ്ചയുള്ള കൊക്കയാണ്. 


തലശ്ശേരിയില്‍ നിന്നും മാനന്തവാടിവരെയുള്ള റൂട്ടില്‍ അഞ്ചു ‘ഹെയര്‍ പിന്‍’ വളവുകളാനുള്ളത്. മികച്ച ഡ്രൈവര്‍മാര്‍ക്ക് പോലും ഒരു കീറാമുട്ടിതന്നെയാണ് ഈ വളവുകളും, ഈ വഴിയുള്ള ഡ്രൈവിങ്ങും. ഒരു ചെറിയ അശ്രദ്ധ പോലും വലിയ നഷ്ടങ്ങളില്‍ ചെന്നവസാനിക്കും എന്നതില്‍ സംശയമില്ല.- ഇങ്ങനെയുള്ള ഒരു വളവില്‍ വെച്ചാണ് ബസ്സിന് ഈ തകരാര്‍ സംഭവിക്കുന്നത്. പണിമുടക്കയതിനാല്‍ സ്ത്രീകളും കുട്ടികളും അടക്കം പതിവില്‍ കൂടുതല്‍ ആളുകള്‍ ബസ്സില്‍ ഇരിക്കുകയും നില്‍ക്കുകയും ചെയ്യുന്നുണ്ട്. ഒരു നിമിഷം; ബസ്സില്‍ കൂട്ട നിലവിളി ഉയരാന്‍ തുടങ്ങി. മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങള്‍. ഡ്രൈവറുടെ സീറ്റില്‍ എത്താന്‍ കഴിഞ്ഞാലേ, എങ്ങനെയെങ്കിലും ബ്രേക്ക് ചവിട്ടി ബസ്സ് നിര്‍ത്താന്‍ പറ്റുകയുള്ളൂ. തിളയക്കുന്ന വെള്ളം, റേഡിയേറ്ററില്‍ നിന്നും അപ്പോഴും ചീറ്റുന്നുണ്ട്. യാത്രക്കാരനായ ഒരു പോലീസ്സുകാരന്‍, ഇതിനിടയില്‍ ബസ്സിന്‍റെ ബ്രേക്കില്‍ അമര്‍ത്തി നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ബസ്സ്‌ അപ്പോഴും പുറകിലോട്ടു നീങ്ങിക്കൊണ്ടിരിക്കയാണ്. 

KSRTC ബസ്സില്‍ സാധാരണ കണ്ടക്റ്റര്‍ പുറകിലാണുണ്ടാവുക. കണ്ടക്റ്ററും കിളയും ഒരാള്‍ തന്നെ ആണല്ലോ. ! സംഭവത്തിന്‍റെ ഗൌരവം മനസിലാക്കിയ പ്രേമചന്ദ്രന്‍ ആളുകളെ വകഞ്ഞു മാറ്റി മുന്നില്‍ വരികയും, ചീറി തെറിക്കുന്ന തിളച്ചവെള്ളത്തെ വകവെക്കാതെ, ഡ്രൈവറുടെ സീറ്റില്‍ കയറി, ഹാന്‍ഡ്‌ ബ്രേക്ക് പ്രവര്‍ത്തിപ്പിക്കുകയും ചെയ്തു. അതോടെ പുറകോട്ടു നീങ്ങികൊണ്ടിര്ക്കുന്ന ബസ്സ്‌ നിശ്ചലമായി. ഇതെല്ലാം സംഭവിച്ചത് ഏതാനും സെക്കന്റുകള്‍ക്കുള്ളിലാണ് എന്നതാണ് ഏറെ വിചിത്രവും ആശ്ചര്യജനകവുമായ സംഗതി. ജീവന്‍ തിരിച്ചുകിട്ടിയ അന്‍പതിലതികം വരുന്ന യാത്രക്കാര്‍ അപ്പോഴും തങ്ങള്‍ക്ക് എന്താണ് സംഭവിച്ചത് എന്നറിയാതെ അമ്പരപ്പോടെ നില്‍ക്കുകയായിരുന്നു. കൂട്ടനിലവിളികള്‍ കരച്ചിലില്‍ അവസാനിച്ചു. തങ്ങള്‍ക്ക് പുനര്‍ജ്ജന്മം നല്‍കിയ പ്രേമചന്ദ്രനോട് നന്ദി പറയാന്‍ വാക്കുകള്‍ കിട്ടാതെ പലരും വിങ്ങിപ്പൊട്ടി.

അപകടഘട്ടങ്ങളില്‍ പലപ്പോഴും എന്താണ് ചെയ്യേണ്ടതെന്ന ബോധം നമുക്ക് നഷ്ടപ്പെടും, ഇതും അത്തരം ഒരു സാഹചര്യത്തിനു ഉദാഹരണമാണ്. ഒരുപക്ഷെ ഹാന്‍ഡ്‌ ബ്രേക്ക് പ്രവര്‍ത്തിപ്പിച്ചു വാഹനം നിര്‍ത്താം എന്ന തിരിച്ചറിവ് പ്രേമചന്ദ്രന്‍റെ ബുദ്ധിയില്‍ തെളിഞ്ഞില്ലായിരുന്നുവെങ്കില്‍ ആ അവസ്ഥ എത്ര ഭീകരമായിരിക്കുമായിരുന്നു എന്ന് ആലോചിക്കാന്‍ പോലും പ്രയാസമാകുന്നു. കേരളം കണ്ട വലിയ ദുരന്തങ്ങളുടെ പട്ടികയില്‍ ഇതും സ്ഥാനംപിടിക്കുമായിരുന്നു. കഴിഞ്ഞ ആഗസ്റ്റില്‍ സംഭവിച്ച ഗ്യാസ് ടാങ്കര്‍ ദുരന്തത്തില്‍ നിന്നും കണ്ണൂര്‍ ജനത മുക്തമായി വരുന്നതേയുള്ളൂ; അന്ന് ഇരുപത്തഞ്ചോളം ആളുകളാണ് ടാങ്കര്‍ പൊട്ടിത്തെറിച്ച് മരണമടഞ്ഞത്. വീണ്ടും ഒരു ദുരന്തത്തിനുകൂടി സാക്ഷികളാവാനുള്ള മനകരുത്തു അവര്‍ ആര്‍ജ്ജിച്ചുവരുന്നതേയുള്ളൂ !!  ചില ഘട്ടങ്ങളില്‍ ഏതോ ചില അദൃശ്യശക്തിയുടെ കരങ്ങള്‍ നമ്മളെ സഹായിക്കാന്‍ എത്തിച്ചേരും. സംശയിക്കേണ്ട; ഇതും ദൈവത്തിന്‍റെ അദൃശ്യ കരങ്ങള്‍ തന്നെ, ഇവിടെ ഈ ചെറുപ്പക്കാരന്‍ ആ ദൌത്യത്തിനുവേണ്ടി നിയോഗിക്കപ്പെട്ടു എന്നുമാത്രം.

തീര്‍ച്ചയായും പ്രേമചന്ദ്രന്‍ അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു; ഒരു ധീരകൃത്യം തന്നെയാണ് അദേഹം കാഴ്ചവെച്ചത്. പക്ഷേ എന്‍റെ ചിന്തയില്‍ ഇപ്പോള്‍ തെളിഞ്ഞുവരുന്നത് മറ്റൊരു കാര്യമാണ്. റേഡിയേറ്റര്‍ പൊട്ടി തിളച്ചവെള്ളം ദേഹത്ത് തെറിച്ചു വീണപ്പോള്‍, ബസ്സിലുള്ള ഏകദേശം അന്‍പതിലേറെ യാത്രക്കാരുടെ ജീവന് പുല്ലുവില കൊടുത്തുകൊണ്ട്, സ്വന്തം ശരീരത്തില്‍ ഉണ്ടായേക്കാവുന്ന തികച്ചും നിസ്സാരമായ പൊള്ളലിനെ ഭയന്ന്‍, ബസ്സില്‍ നിന്നും ചാടിയിറങ്ങിയ ഡ്രൈവറെ കുറിച്ചാണ്. ഇതാണോ ഒരു പൊതുവാഹണം കൈകാര്യം ചെയ്യുന്ന ഡ്രൈവറുടെ ധര്‍മ്മം? അല്ലെങ്കില്‍ ഇത്തരം ഡ്രൈവര്‍മാരുടെ കൈകളില്‍ എത്രത്തോളം സുരക്ഷിതമാണ് നമ്മുടെ പൊതുഗതാഗത സംവിധാനം; നമ്മുടെ ഓരോരുത്തരുടെയും ജീവന്‍; അല്ലെങ്കില്‍ നമ്മുടെ പ്രിയപ്പെട്ടവരുടെ ജീവന്‍. എന്ത് നടപടി ആണ് KSRTC ഈ ഡ്രൈവര്‍ക്കെതിരെ എടുത്തത് അല്ലെങ്കില്‍ എടുക്കാന്‍ പോകുന്നത് എന്നറിയില്ല. ഏറിയാല്‍ ഒരു സസ്പെന്‍ഷന്‍; അല്ലെങ്കില്‍ ഒരു ‘വാര്‍ണിംഗ് ലെറ്റര്‍’ അത്രതന്നെ. അത് കഴിഞ്ഞു വീണ്ടും അയാള്‍ നിരപരാധികളായ ഒരുപാട് ജീവനുകള്‍വെച്ച് പന്താടന്‍ രംഗത്ത്‌ വരികതന്നെ ചെയ്യും. ഇത്തരം സ്വധര്‍മ്മം മറന്നു പ്രവര്‍ത്തിക്കുന്ന, നിരുത്തരവാദികളായ ഡ്രൈവര്‍മാരുടെ ലൈസന്‍സ് ആജീവനാന്തം നിര്‍ത്തലാക്കാനുള്ള സംവിധാനങ്ങള്‍ ഇന്ന് നിലവിലുണ്ട് എന്നാണ് അറിയുന്നത്. പക്ഷേ ഇതെല്ലാം എത്രത്തോളം നടപ്പില്‍ വരുത്താന്‍ കഴിയും എന്നതാണ് ബാക്കിയാകുന്ന ചോദ്യം. അല്ലെങ്കിലും പൊതുജനങ്ങളുടെ ജീവനും സ്വത്തിനും അത്രവലിയ വില കല്‍പ്പിക്കുന്ന ആരെങ്കിലും ഭരണരംഗത്തോ നീതിനിര്‍വഹണ കേന്ദ്രങ്ങളിലോ ഉണ്ടെന്നു തോനുന്നില്ല. അങ്ങനെയെങ്കില്‍ ഇത്ര വലിയ ദുരന്തത്തില്‍ നിന്നും കുറെ ജീവനുകള്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ട ഈ സംഭവം, ഒരു ചെറിയ കോളം വാര്‍ത്തപോലും ആവാതെ ദിവസങ്ങള്‍ക്കുള്ളില്‍ പലരും മറക്കാന്‍ ശ്രമിക്കില്ലായിരുന്നു.  

‘ടൈറ്റാനിക്’ എന്ന സിനിമയിലെ രംഗങ്ങളാണ് ഈ അവസരത്തില്‍ ഓര്‍മ്മവരുന്നത്. മുങ്ങിതാഴുന്ന കപ്പലിനുള്ളില്‍ നിന്നും രക്ഷപ്പെടാന്‍ ഒരുപാട് അവസരങ്ങള്‍ ഉണ്ടായിട്ടും, ഒരുപാടുപേര്‍ നിര്‍ബന്ധിച്ചിട്ടും, രക്ഷപ്പെടാനുള്ള ഒരു ശ്രമം പോലും നടത്താതെ യാത്രികരെ സുരക്ഷിതരാക്കാന്‍ വേണ്ടി ഓടിനടന്ന്, അവസാനം ആ കപ്പലിനൊപ്പം മരണം വരിച്ച ആ കപ്പിത്താന്‍ പ്രേക്ഷക മനസ്സിനെ മുറിവേല്‍പ്പിച്ചിരുന്നു. അത്രയൊന്നും മഹാമനസ്ഥിതി കാണിച്ചില്ലെങ്കിലും, അതിന്‍റെ നൂറില്‍ ഒരംശമെങ്കിലും ഉണ്ടായിരുന്നെങ്കില്‍ ചൂട് വെള്ളം തെറിച്ചപ്പോള്‍ ബസ്സില്‍ നിന്നും എടുത്തു ചാടാന്‍ ആ ഡ്രൈവര്‍ക്ക് തോന്നുമായിരുന്നില്ല. ഒരു പൊതുവാഹനം കൈകാര്യം ചെയ്യുന്നയാള്‍ക്ക് ഉണ്ടായിരിക്കേണ്ട ‘മിനിമം’ സാമൂഹിക നീതിയെകുറിച്ചും, ഉത്തരവാദിത്വത്തെ കുറിച്ചും ബോധവാന്‍മാരായ എത്രപേര്‍ ഇന്ന് നമുക്കിടയിലുണ്ട്? ചുരുക്കം; അല്ലെങ്കില്‍ വളരെ ചുരുക്കം !! ഡ്രൈവര്‍മാരുടെ കെടുകാര്യസ്ഥത തന്നെയായിരുന്നു മുന്‍പേ നടന്ന ഒട്ടുമിക്ക അപകടങ്ങളിലും എടുത്തുകാണിക്കപ്പെട്ട വസ്തുത. എങ്കിലും അതൊന്നും ആരുടേയും ശ്രദ്ധയില്‍പ്പെടാതെയോ, അല്ലെങ്കില്‍ ശ്രദ്ധയില്‍പ്പെട്ടിട്ടും, ശ്രദ്ധിക്കാതെയോ പോയി. മറ്റുയാത്രാമാര്‍ഗ്ഗങ്ങള്‍ ഇല്ലാത്ത സാധാരണ ജനങ്ങള്‍ നിരാശ്രയരായി വീണ്ടും ഇതേ സംവിധാനങ്ങളെ തന്നെ ശരണം പ്രാപിക്കുന്നു, !!

പ്രേമചന്ദ്രന്‍റെ ധീരകൃത്യത്തിന്‍റെ വാര്‍ത്ത KSRTC-യും പത്രങ്ങളും മുക്കിയെങ്കിലും, ഒരു നാടിന് അത് അത്ര നിസാരമായി കാണാന്‍ കഴിയുന്നതായിരുന്നില്ല. അവര്‍ അത്രമോശമല്ലാത്ത രീതിയില്‍ അദേഹത്തെ അനുമോദിച്ചു; ആദരിച്ചു; നാടിന്‍റെ നന്മകള്‍ പങ്കുവെച്ചു. ഇനി മുന്നോട്ടുള്ള പ്രേമചന്ദ്രന്‍റെ ഓരോ യാത്രകളിലും ഇതെങ്കിലും ഒരു പ്രചോദനമായി നിലനില്‍ക്കട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം !!  
.....................................................................................................................................................
(ചിത്രങ്ങള്‍ തന്നു സഹായിച്ചത്: സൂരജ് തൊടീക്കളം).


Sunday, September 1, 2013

ബയോഡാറ്റ

(മിനികഥ)

ഇന്ന് പതിവില്ലാതെ ചാറ്റ് ബോക്സില്‍ അവള്‍ ഒരു കാര്യം ചോദിച്ചു.

“എനിക്ക് ഒരു ബയോഡാറ്റ ഉണ്ടാക്കി തരാമോ”

“ബയോഡാറ്റയോ; എന്താ ഇപ്പൊ ഇങ്ങനെ ഒരു കാര്യം എന്നോട് തന്നെ ചോദിക്കാന്‍; അപ്പോള്‍ ഇത് വരെ ഇതൊന്നും ഇല്ലാതെയാണോ ജോലി തെണ്ടാന്‍ ഇറങ്ങിയിരിക്കുന്നെ ?”

ഞാന്‍ ഇത്തിരി പുച്ഛം കലര്‍ത്തി രണ്ടു മൂന്ന് ചോദ്യങ്ങള്‍ ഒരേ മെസേജില്‍ തൊടുത്തുവിട്ടു.

“ഹാ; ഇപ്പൊ അങ്ങനെ ഒന്ന് വേണമെന്നൊരു തോന്നല്‍; മൂന്ന് നാല് വര്‍ഷമായി ഒരേ ജോലി; ഒരേ സ്ഥാപനം; ഒരേ സ്ഥലം; ഒരു മാറ്റം ആരാണ് ആഗ്രഹിക്കാത്തത്”

അവളുടെ മറുപടി മിനുട്ടുകള്‍ക്കുള്ളില്‍ തന്നെ എന്നെ തേടിയെത്തി.

“ഞാന്‍ അത്ര വലിയ ബയോഡാറ്റ നിര്‍മ്മാതാവ് ഒന്നുമല്ല; എന്‍റെ ബയോഡാറ്റ തന്നെ, ഞാന്‍ എജെന്‍സിയില്‍ കൊടുത്തുണ്ടാക്കിയതാണ്. ഒരു നല്ല ജോലിക്ക് വേണ്ടിയുള്ള ശ്രമമാണെങ്കില്‍ ചെറിയ ഒരു തുക മുടക്കി ഏതെങ്കിലും ഏജെന്‍സിയില്‍ കൊടുത്തു എഴുതിക്കുന്നതായിരിക്കും കൂടുതല്‍ ഗുണം ചെയ്യുക”

ഞാന്‍ എന്‍റെ അഭിപ്രായം അവളുമായി പങ്കുവെച്ചു.

“എനിക്ക് എജെന്‍സിയെ പറ്റി ഒന്നും വലിയ ഐഡിയ ഇല്ല മാഷേ ! ഞാന്‍ തന്നെ ഉണ്ടാക്കിയ ചെറിയ ഒരെണ്ണം ഉണ്ട്, മാഷ്‌ അതൊന്നു വിപുലീകരിച്ചു തന്നാ മതി; വളരെ കുറഞ്ഞ വാക്കില്‍, സമയം പോലെ”

അവള്‍ അത്രയും പറഞ്ഞപ്പോള്‍ ആ റിക്വസ്റ്റ് തിരസ്ക്കരിക്കാന്‍ കഴിഞ്ഞില്ല.

എന്തായാലും ഇപ്പോള്‍ കൈവശമുള്ളത് അയക്കൂ; ഞാന്‍ ശ്രമിക്കാം എന്ന് മാത്രം പറഞ്ഞ് ആ ചാറ്റ് ബോക്സ് ഞാന്‍ ക്ലോസ് ചെയ്തു.
..................................................................................

അവള്‍; വെറും രണ്ടുമാസം മാത്രം പഴക്കമുള്ള ഒരു ഓണ്‍ലൈന്‍ സൗഹൃദം; ഇടയ്ക്ക് എപ്പോഴെങ്കിലും ഒരു ‘ഹായ്’ പറഞ്ഞ് ചാറ്റ് ബോക്സില്‍ വരും, തിരിച്ചു ഒരു ‘ഹായ്’ പറച്ചിലിലോ അല്ലെങ്കില്‍ ചില കുശലാന്വേഷണങ്ങളിലോ ഒതുങ്ങി ഓരോ പ്രാവശ്യവും ചാറ്റുകള്‍ ‘ഓഫ്‌ മോഡിലേക്ക്’ പോയിക്കൊണ്ടിരുന്നു. കൂടുതലായി ഒന്നും അറിയില്ല  അവളെ പറ്റി; ഒരു മലയാളി പെണ്‍കുട്ടി; കുറച്ചു വര്‍ഷമായി മുംബൈയില്‍ ജോലി ചെയ്യുന്നു. അത്രയുമാണ് എന്‍റെ അറിവിലെ അവള്‍ !

പക്ഷേ എന്തുകൊണ്ടോ ഓരോ പ്രാവശ്യവും ചാറ്റ് ബോക്സുകള്‍ അടഞ്ഞു കഴിയുമ്പോള്‍ അവള്‍ എന്തോ പറയാന്‍ ബാക്കിവെച്ചിട്ട്‌ പോകുന്നത് പോലെ എനിക്ക് തോന്നിയിരുന്നു. ഇന്നലെ രാത്രി കുറച്ചേറെ അവള്‍ സംസാരിച്ചു; ‘ഇപ്പോള്‍ കുറച്ചു ഫ്രീ ആണ്; സോ, നമുക്ക് കുറച്ചു ‘സൊറ’ പറയാം’ എന്ന മുഖവുരയുമായാണ് അവള്‍ വന്നത്. പക്ഷേ കൂടുതല്‍ എന്തെങ്കിലും സംസാരിച്ചോ എന്ന് ചോദിച്ചാല്‍, ഇല്ല; കുറച്ചു നാട്ടുവര്‍ത്തമാനങ്ങള്‍; പഴയ ചില സുഹൃത്തുക്കളെ കുറിച്ച്; അത്ര തന്നെ !! ഞാന്‍ ചോദിച്ച പല ചോദ്യങ്ങള്‍ളും ഉത്തരമില്ലാതെ, അനാഥമായി ചാറ്റ് ബോക്സിന്‍റെ കാണാപ്പുറങ്ങളിലേക്ക് നൂഴ്ന്നിറങ്ങി മറഞ്ഞുപോയി.

ഇന്ന് രാവിലെ വീണ്ടും പതിവില്ലാതെ ചാറ്റില്‍ വന്നതും, അവിചാരിതമായി ബയോഡാറ്റയുടെ കാര്യം പറഞ്ഞതും എന്നില്‍ കുറച്ചൊന്നുമല്ല അമ്പരപ്പുണ്ടാക്കിയത്.
‘ഇന്ന് ജോലിക്ക് പോയില്ലേ’ എന്ന് ചോദിച്ചപ്പോള്‍ ‘നല്ല സുഖമില്ല അതുകൊണ്ട് ലീവ് എടുത്തു’ എന്നും പറഞ്ഞു. 
..........................................................................................
ഉച്ചയോടെ മൊബൈലില്‍ നോട്ടിഫികേഷന്‍ വന്നു; ഒരു പുതിയ ഇമെയില്‍ വന്നിട്ടുണ്ട്. മെയില്‍ തുറന്നുനോക്കി; അതെ, അത് അവളുടെ ഇമെയില്‍ ആണ്. സബ്ജെക്റ്റ് ലൈനില്‍ ‘ബയോഡാറ്റ’ എന്ന് എഴുതിയിട്ടുണ്ട്. അതില്‍ അറ്റാച്ച് ചെയ്തിരിക്കുന്ന ഫയലില്‍ ക്ലിക്ക് ചെയ്തു. നെറ്റ് കുറച്ചു സ്ലോ ആണ്. അറ്റാച്ച് ചെയ്തിരിക്കുന്ന വേര്‍ഡ്‌ ഫയല്‍ പതിയെ പതിയെ നാണത്തോടെ എന്‍റെ കണ്ണുകള്‍ക്ക്‌ മുന്നില്‍ തുറക്കപ്പെട്ടു.

മുകളില്‍ അവളുടെ പേര് വലിയ കറുത്ത അക്ഷരങ്ങളില്‍ എഴുതിയിട്ടുണ്ട്; കൂടുതല്‍ വായിക്കാതെ മൌസ് താഴോട്ടുരുട്ടി നോക്കി.
‘ഭാഗ്യം; എല്ലാം കൂടി ഒരു പേജ് മാത്രമേയുള്ളൂ, വേഗം തന്നെ കുറച്ചു മെച്ചപ്പെടുത്തി തിരിച്ചയചു കൊടുക്കാം’ എന്നാശ്വസിച്ച്‌ മൌസ് വീണ്ടും മുകളിലേക്ക് തന്നെ ഉരുട്ടിക്കയറ്റി.

വലിയ അക്ഷരങ്ങളില്‍ എഴുതിയ അവളുടെ പേരിനു താഴെ ‘കരിയര്‍ ഒബ്ജെക്റ്റിവ്’ എന്ന തലക്കെട്ടില്‍ കുറച്ചു വാക്കുകളാല്‍ തീര്‍ത്ത വാചകങ്ങള്‍;

അതിനു താഴെ, പ്രവര്‍ത്തിപരിചയം, ഇപ്പോള്‍ ജോലി ചെയ്യുന്ന സ്ഥാപനം, സ്ഥലം തുടങ്ങിയ വിവരങ്ങള്‍

അതിനും താഴെ ‘പേര്‍സണല്‍ ഇന്‍ഫോര്‍മേഷന്‍’; ഇങ്ങനെ പോയി ആ ബയോഡാറ്റയുടെ ഘടന.

അത്രയും സങ്കീര്‍ണ്ണമായ ഒരു പ്രൊഫൈല്‍ ഞാന്‍ ഇതുവരെ കണ്ടിട്ടുണ്ടായിരുന്നില്ല.

അതിലെ ഓരോ വാക്കുകളും, വാചകങ്ങളും, ഒരായിരം അമ്പുകളുടെ മൂര്‍ച്ചയോടെ എന്‍റെ കണ്ണുകള്‍ക്കുള്ളിലേക്ക് തുളഞ്ഞു കയറി; അവ ഉള്ളിന്‍റെയുള്ളില്‍ എവിടെയോ തട്ടി ചിന്നി ചിതറി !!

ആരോ വരുത്തിവച്ച പോലെ ഒരു നിശബ്ധത !!

എങ്ങനെ ഈ ബയോഡാറ്റ വിപുലീകരിക്കും എന്നെ ചിന്ത വിദൂരങ്ങളില്‍ പോലും അപ്പോള്‍ എന്‍റെ ഉള്ളില്‍ ഉണ്ടായില്ല. എത്ര മനോഹരമായി രൂപപ്പെടുത്തിയാലും, ഏതുതരത്തില്‍ ഉള്ള ഒരു ജോലിയായിരിക്കും ഈ ബയോഡാറ്റ മുന്നില്‍ വെച്ച് അവള്‍ തേടാന്‍ പോകുന്നത് എന്ന ചിന്തയും അതോടൊപ്പം എന്നെ വല്ലാതെ അലട്ടി.

ഞാന്‍ അവളോട്‌ ചോദിച്ച എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം ആ ബയോഡാറ്റയില്‍ കണ്ടെത്താന്‍ എനിക്ക് കഴിഞ്ഞു. ഒരുപക്ഷേ ബയോഡാറ്റ വിപുലീകരിക്കുക എന്നതിലുപരി, അവളെ എനിക്ക് വിശദമായി പരിചയപ്പെടുത്തുക എന്നത് തന്നെയായിരിക്കണം അവള്‍ ഉദേശിച്ചതും !!

പേജ് വീണ്ടും മുകളിലേക്ക് പോയി, അവസാനത്തെ ഖണ്ഡികയില്‍ ‘ഡിക്ലറേഷന്‍’ എന്ന തലക്കെട്ടില്‍ ‘മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാം എന്‍റെ ഏറ്റവും നല്ല അറിവിനാലും ബോധത്താലും ശരിയും യാഥാര്‍ത്യവുമാണ്’ എന്ന് സ്ഥാപിക്കുന്ന സത്യപ്രസ്താവന.

അതിനും താഴെ,

അവള്‍- ചുവന്ന അക്ഷരങ്ങളില്‍ അവളുടെ പേര്;
# 412/7, റെഡ് സ്ട്രീറ്റ്, കാമാത്തിപുര,
ഗ്രാന്‍റ് റോഡ്‌ (ഈസ്റ്റ്‌), മുംബൈ- 14

ഒപ്പ്.

.......................................................The End.................................................................