Wednesday, April 12, 2017

വിലയ്ക്ക് വാങ്ങിയ ‘ചൂട്’ !!

പണ്ട്-
നമുക്ക് ഓടിട്ട വീടുകള്‍ ഉണ്ടായിരുന്നു.
വീടിനു ചുറ്റും-
ഉയരത്തില്‍ മരങ്ങള്‍ ഉണ്ടായിരുന്നു.
കുംഭത്തിലും മീനത്തിലും-
അന്നും ചൂട് ഉണ്ടായിരുന്നു;
മരങ്ങള്‍ തടുത്തിരുന്നു.
ഓട് വേഗത്തില്‍ ചൂടാകും;
വേഗത്തില്‍ തണുക്കും !
രാത്രികള്‍ സുഖമുള്ളതായിരുന്നു !

ഇന്നലെ-
നമ്മള്‍ ഓടുകള്‍ മാറ്റി-
കോണ്‍ക്രീറ്റ് മേല്‍ക്കൂരകള്‍ പണിയാനുള്ള- 
നെട്ടോട്ടത്തിലായിരുന്നു.
'സ്റ്റാറ്റസ്സുകള്‍' ‘ലോ’-യില്‍ നിന്നും
‘ഹൈ’ -ലേക്കു മാറി.
ഒറ്റനിലകള്‍ ബഹു നിലകള്‍ ആയി.
മരങ്ങള്‍ വെട്ടി –
വീടിനു മോടി കൂട്ടി.
കൂട്ടുകുടുംബങ്ങളില്‍ നിന്നും-
അണുകുടുംബങ്ങളായി.
ചുമരോട്-ചുമരുകള്‍ ചേര്‍ന്ന്
പുത്തന്‍ മന്ദിരങ്ങള്‍ പൊങ്ങി.
മണ്ണിനു മേലെ പരവതാനി വിരിച്ച്-
സിമന്‍റ് ഫലകങ്ങള്‍ നിരന്നു.
കുംഭത്തിലും മീനത്തിലും-
ചൂട് വീണ്ടും വന്നു.
അടുത്ത കുംഭത്തില്‍ കുറയുമെന്ന്
സമാധാനിച്ചു- ഒരു ഫാനു വാങ്ങി !!
രാത്രികള്‍ അത്ര സുഖമുള്ളതായിരുന്നില്ല !!

ഇന്ന്
നമ്മള്‍ ഓടുകള്‍ തിരഞ്ഞുള്ള ഓട്ടത്തിലാണ്.
കോണ്‍ക്രീറ്റ് മേല്‍ക്കൂരകള്‍ക്ക് മേലെ-
ഓടുകള്‍ പാകിയാല്‍-
ചൂട് കുറയുമെന്ന് ആരോ പറഞ്ഞത് പോലെ !!
സ്റ്റാറ്റസ്സ് കൂടിയപ്പോള്‍ -
തറവാട്ടില്‍ ഉപേക്ഷിച്ച,
അപ്പച്ചനായിരുന്നു അത്.
ഓടുകള്‍ എങ്ങും കിട്ടാനില്ല !!
തല്‍കാലം എ.സി. വാങ്ങാം
വീട് തണുക്കട്ടെ !!
ആ തണുപ്പില്‍
ഇനി കുംഭവും മീനവും
വരാതിരിക്കാനുള്ള വഴികള്‍ തിരയാം.


----------